Tuesday, August 30, 2016

സൗഹൃദങ്ങൾ

എപ്പോഴും "ഞാൻ, എന്റെ " എന്ന തലത്തിൽ നിന്ന് എഴുതുമ്പോൾ വായിക്കുന്നവർക്ക് ഉണ്ടാക്കുന്ന അരോചക ചിന്തകളെ കുറിച്ച് ഓർത്താണ് ഇതു എഴുതാൻ അല്പം താമസിച്ചത്... ഈ എഴുത്തിലൂടെ ഞാൻ സ്വയം ബ്രാൻഡ് ചെയ്യുകയാണെന്നാരെങ്കിലും ചിന്തിച്ചാലും ഞാനതിന് ഉത്തരവാദി അല്ല....
അസ്വസ്ഥതകൾ പലരും പ്രകടിപ്പിക്കുന്നത് പലതരത്തിലാണ്...
ചിലർ നിശബ്ദതയിലൂടെ, ചിലർ ഉപദേശങ്ങളിലൂടെ, മറ്റു ചിലർ ഭാര്യയെയും മകളെയും കുറിച്ചുള്ള ഓർമ്മ പെടുത്തലിലൂടെ... അതേ പറഞ്ഞു വരുന്നത് എന്റെ സൗഹൃദങ്ങളെ കുറിച്ച് തന്നെയാണ്...
സൗഹൃദങ്ങൾക്ക് പരിധിയും പരിമിതിയും ഉണ്ടായിരുന്ന ഒരു ഭൂതകാലം മനസിലേൽപിച്ച ചില ഓർമ്മപ്പെടുത്തലുകളിൽ തന്നെയാണ് ഞാനും ജീവിച്ചിരുന്നത്... എന്നു വെച്ച് അത്യാവശ്യം സുഹൃത്തുക്കൾ ഉണ്ടായിരുന്നു താനും...
കുടുംബത്തിന്റെ നെടുംതൂൺ ആയിരുന്ന ഒരാളുടെ പെട്ടെന്നുള്ള വേർപാട് മനസിലേൽപിച്ച ഒറ്റപെടൽ അതിജീവിക്കാൻ എന്റെ മുൻപിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു... സൗഹൃദങ്ങൾ വിപുലമാക്കുക...വിഷാദ രോഗത്തിന്റെ പടിവാതിൽ വരെ ചെന്നിട്ട് എനിക്ക് തിരിച്ചു വരാൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ അതിന് കാരണം എനിക്ക് ലഭിച്ച സൗഹൃദങ്ങൾ തന്നെയാണ്...
പക്ഷേ പലരും പരസ്യമായും അല്ലാതെയും അസ്വസ്ഥരാകുന്നത് എന്റെ സ്ത്രീ സൗഹൃദങ്ങളെ കുറിച്ചാണ്... ഈ സുഹൃത്തുക്കൾ എന്നും ഉണ്ടാകില്ല എന്നാണ്‌ ചിലരുടെ മുന്നറിയിപ്പ്...തീർച്ചയായും ആ ബോദ്ധ്യം എനിക്ക് ഉണ്ട്... പക്ഷേ എന്റെ ചോദ്യമിതാണ്: "ഏത് ബന്ധത്തിനാണ് 100 % ഗ്യാരന്റി ഉള്ളത്? മാതാപിതാക്കൾ - മക്കൾ, ഭാര്യ - ഭർത്താവ്, കാമുകൻ - കാമുകി, സഹോദരർ - സഹോദരി, ഗുരു-ശിഷ്യർ - ഈ ബന്ധങ്ങൾക്കും എന്ത് ഉറപ്പാണുള്ളത്? ഏത് നിമിഷവും തകരാവുന്ന ബന്ധങ്ങൾ തന്നെയാണ് ഇതൊക്കെ...
മറ്റു ചിലർക്ക് ഞാൻ വിവാഹിതൻ ആണ് എന്നതിലാണ് ഉത്കണ്o... ബ്രാഹ്മണിക്കൽ പൊതുബോധം അടിച്ചേൽപ്പിച്ച കുടുംബ മഹിമ, തറവാട്, തറവാട്ട് മഹിമ എന്നിവ പോലെയുള്ള പൊള്ളയായ വാക്കുകളോട് ഒരിക്കലും ആരാധന തോന്നാത്ത വ്യക്തികളോട് താത്വികമായി ഞാൻ ഐക്യപെടുമെങ്കിലും, ഞാനിപ്പോഴും ജീവിക്കുന്നത് കുടുംബം എന്ന ചട്ടക്കൂടിനുള്ളിൽ തന്നെയാണ്... പക്ഷേ എത്ര ചോദ്യം ചെയ്താലും അതെന്റെ സ്വകാര്യത തന്നെയാണ്... അവിടെ നിന്ന് എനിക്ക് ലഭിക്കുന്ന പിന്തുണയോ പിന്തുണ ഇല്ലായ്മയോ എന്നെ മാത്രം ബാധിക്കുന്ന കാര്യമാണ്...ഒരു പക്ഷേ ഞാനതിനെ കുറിച്ച് സംസാരിച്ചാൽ മാത്രം നിങ്ങളുടെ താത്പര്യം പോലെ പ്രതികരിക്കാമെന്നു മാത്രം...
എത്രയൊക്കെ ശ്രദ്ധയോടെ ജീവിച്ചാലും നമ്മളെ ഇഷ്ട്ടപ്പെടുന്ന വ്യക്തികളെ പോലെ തന്നെ ഇഷ്ട്ടപെടാത്ത വ്യക്തികളും ഉണ്ടാകുക എന്നത് സാധാരണമാണ്... ഏതൊരു മതഗ്രന്ഥത്തെക്കാളും മഹത്തരം
എന്നു ഞാൻ വിശ്വസിക്കുന്നത് എന്റെ മനസാക്ഷിയിലും ധാർമ്മികതയിലുമാണ്.. അത് കൊണ്ട് കൂടി മറ്റുള്ളവരുടെ കണ്ണിലൂടെ നോക്കിയാലും എനിക്കെന്റാതായ കുറ്റങ്ങളും കുറവുകളും ഉണ്ടായിട്ടുണ്ട് എന്നതൊരു യാഥാർത്ഥ്യം ആണ്...
അടുത്ത കാലത്ത് ഒരു ന്യൂ ജെൻ സുഹൃത്ത് എന്നോട് ചോദിച്ചു "ഈ വയറും കളറും ഒക്കെ വെച്ച് ചേട്ടനെങ്ങനെയാണ് ഈ പെണ്ണുങ്ങളെ ഒതുക്കുന്നത്? എന്ന്.... അവന്റെ സംശയം സ്വഭാവികമാണ്... ഭൗതിക പ്രത്യേകതകൾ അടിസ്ഥാനമാക്കി മാത്രം വരുന്ന സൗഹൃദങ്ങളോട് അന്നും എനിക്ക് താത്പര്യം ഇല്ലാ, ഇന്നും ഇല്ലാ... ഇനിയും ഇല്ല....
എന്നെ ഉപദേശിച്ചവർ ആത്മാർത്ഥമായിട്ട് ആണ് അത് ചെയ്തതെങ്കിൽ തീർച്ചയായും ഞാൻ നിങ്ങളുടെ എന്നോടുള്ള കരുതലിനെ മാനിക്കുന്നു... നിങ്ങളുടെ ഉപദേശങ്ങൾ പോലെ നിങ്ങൾ ജീവിക്കുമ്പോഴാണ് ഞാൻ സന്തോഷിക്കുന്നത്... ആഗ്രഹിക്കുന്നത് പോലയോ അതിനുമപ്പുറമോ എല്ലാവർക്കും നല്ല സൗഹൃദങ്ങൾ ഉണ്ടാകട്ടെ എന്നു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.... നമ്മളിങ്ങനെ സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ ഗുണവും ദോഷവും അനുഭവിച്ച് ജീവിച്ചോളാം... എന്ന്
പേര്
ഒപ്പ്

No comments: