Saturday, October 22, 2016

കറുത്തവന്റെ പ്രണയ

ഓർമ്മവെച്ച കാലം മുതൽ വെള്ളിത്തിരയിൽ കണ്ട പ്രണയ നായകൻമാർ സവർണ്ണ ശരീരഭാഷയുള്ളവർ ആയിരുന്നത് കൊണ്ടാകാം ശങ്കറും റഹ്മാനും മോഹൻലാലും പിന്നീട് കുഞ്ചാക്കോ ബോബനും അബ്ബാസും മാധവനുമൊക്കെയായിരുന്നു മനസിലെ പ്രണയ നായകന്മാർ... പ്രണയിക്കണമെങ്കിൽ ഇവരുടെയൊക്കെ ശരീരഭാഷ വേണമെന്നും ചിന്തിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു...മുരളി, വിജയകാന്ത് പാർത്ഥിപൻതുടങ്ങിയ നടന്മാരിലൂടെകറുത്തവന്റെ പ്രണയം തമിഴ്സിനിമകളിൽ ഇടക്ക് വന്നു പോകുമായിരുന്നെങ്കിലും മനസിൽ അവരൊന്നും പ്രണയ സങ്കല്പങ്ങളായികടന്നു വരാത്ത തരത്തിൽ സവർണ്ണ പൊതുബോധം സമൂഹത്തിൽ ശക്തമായിരുന്നു.. ഈ അവസരത്തിലുംപതിവ് നായകസങ്കല്പങ്ങളെ നിഷ്പ്രഭമാക്കി കൊണ്ട് രജനികാന്ത് ഒരു ഒറ്റപ്പെട്ട പ്രതിഭാസമായി ബിംബവത്കരിക്കപ്പെട്ടു എന്നത് വേറെ
കാര്യം... സാധാരണ നായകൻ ചെയ്യുന്ന കാര്യങ്ങളൊക്കെ ശ്രീനിവാസൻ തന്റെ സിനിമകളിൽ ചെയ്തിരുന്നുവെങ്കിലും സ്വന്തം രൂപത്തെ ഹാസ്യവത്കരിച്ച് പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു തരം മനശാസ്ത്രപരമായ സമീപനം ആയിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്...
ലോഹിതദാസ് സംവിധാനം ചെയ്ത ഓർമ്മച്ചെപ്പ് എന്ന സിനിമയിൽ കറുത്തവന്റെ പ്രണയമായിരുന്നു കഥ എങ്കിലും ആത്മാഭിമാനമുള്ള ഒരു നായകനു പകരം നിറത്തിന്റെ പേരിൽ അപകർഷത അനുഭവിക്കുന്നനായകനെ ആണ് കാണാൻ കഴിഞ്ഞത്... ഒരു തരത്തിൽ പറഞ്ഞാൽ ഒരു തരം ഇരവാദ പ്രണയം....
ജീവിതത്തിൽ കറുത്തവർ പ്രണയിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും വെള്ളിത്തിരയിൽ അവരുടെ പ്രണയംനിരന്തരം വന്നിരുന്നില്ല... ഇങ്ങനെയൊക്കെസമൂഹത്തിന്റെ മനസിൽപ്രണയസങ്കല്പങ്ങളെ സവർണ്ണവത്കരിക്കുന്നതിൽ സിനിമ വഹിച്ച പങ്ക് ചെറുതല്ല...
വർഷങ്ങൾക്ക് ശേഷം കറുത്തവന്റെ പ്രണയം അല്പമെങ്കിലും കാണാൻ കഴിഞ്ഞത് കലാഭവൻ മണിയിലൂടെ ആയിരുന്നു... അത് കൊണ്ട് തന്നെ വാൽക്കണ്ണാടി എന്ന സിനിമയിൽ മണിയും ഗീതു മോഹൻദാസും തമ്മിലുള്ള പ്രണയം വളരെ സ്വാഭാവികമായാണ് അനുഭവപ്പെട്ടത്.. മണിക്ക് ശേഷം ശക്തനായ ഒരു കറുത്ത നായകൻ ഇപ്പോഴും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.....തൊണ്ണൂറുകളുടെ അവസാനത്തോടെ വിജയ് പ്രണയ നായകനായി ഉണ്ടാക്കിയെടുത്ത സ്വാധീനത്തിന് ശേഷം വന്ന കറുത്ത നായകൻമാരായ വിശാൽ, രാഘവ ലോറൻസ്, വിജയ് വസന്ത്എന്നിവരുടെ പ്രണയവും മാസ്സും നിറഞ്ഞ സിനിമകൾ നൽകുന്ന ത്രില്ല് ചെറുതല്ല... (തമിഴിൽരണ്ടായിരത്തിന്റെ പകുതിക്ക് ശേഷം വന്ന ചില ഗ്രാമീണ റിയലിസ്റ്റിക്ക് ചിത്രങ്ങൾ തീർച്ച ആയും നല്ലൊരു മാറ്റമായിരുന്നു)
വ്യക്തിപരമായി പറയുകയാണെങ്കിൽ, പതിനഞ്ച് വർഷം മുൻപ് മാധവന്റെ പ്രണയഗാനരംഗമായ വസീഗരാ എന്ന ഗാനരംഗം ഞാൻ കണ്ടിട്ടുള്ളത് നൂറു പ്രാവശ്യം ആണെകിൽ ഇന്ന് ലോറൻസിന്റെ വായ... എൻ വീരാ ; (കാഞ്ചന 2) എന്ന പ്രണയഗാനം ഞാൻ കണ്ടിട്ടുള്ളത് ആയിരം പ്രാവശ്യം ആണ്... കറുത്തവന്റെ പ്രണയവും, വിജയവും,അറുമാതിക്കലുമെല്ലാം തിരശ്ശീലയിൽ നിന്ന് സിരകളിലേക്ക് ഒരു ഊർജ്ജമായി അനുഭവിക്കുകയാണ് ഇപ്പോൾ...
അപ്പോഴും ഹിന്ദി സിനിമയിൽ ഒരു കറുത്ത നായകനോ, നായികയോ ഇതുവരെയും ഉണ്ടായിട്ടില്ല എന്നതും, തെന്നിന്ത്യയിൽ കറുത്ത നായകൻ ഒരു കറുത്ത നായികയുമൊത്തു ഇതുവരെയുംഅഭിനയിച്ചിട്ടില്ല എന്നതും പരിഗണിച്ചു കൊണ്ട് തന്നെ പറയുന്നു ഇനിതിരശ്ശീലയിലെ കഥാപാത്രങ്ങൾ ഞങ്ങളെ പ്രചോദിതർ ആക്കിയില്ല എങ്കിലും ഞങ്ങൾ കറുത്തവർ ജീവിതത്തിൽ അറുമാതിച്ച് തന്നെ പ്രണയിച്ചു കൊണ്ടിരിക്കും ...

No comments: