Saturday, April 29, 2017

ഭീമൻ,

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവൽ മോഹൻലാലിനെ നായകനാക്കി സിനിമയാകുന്നു എന്ന വാർത്ത അത്യന്തം സന്തോഷം തരുന്നു... ദൈവികതയും അമാനുഷികതയും നിറച്ചു നാം കേട്ട മഹാഭാരതകഥയിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തിൽ ജയിക്കുകയും തോൽക്കുകയും ഒറ്റപ്പെടുകയും ചെയ്യുന്ന വെറും മനുഷ്യരായ കഥാപാത്രങ്ങളായി പാണ്ഡവരും കൗരവരും വരുന്നത് നമ്മുടെ ചിന്താഗതികളെ തന്നെ മാറ്റിമറിക്കും... വായു പുത്രനെന്ന് വിശ്വസിച്ചു നടന്ന ഭീമൻ, തന്റെ അമ്മ കുന്തിയുടെ ശക്തനായ മകൻ വേണമെന്ന ആഗ്രഹ സാക്ഷാത്കാരത്തിനായികാട്ടിൽ നിന്നും ചങ്ങല അഴിച്ചു വന്ന കാട്ടാളനെ തന്റെ അമ്മ പ്രാപിച്ചതിൽ ജനിച്ചവനാണ് താനെന്ന് മനസിലാക്കുന്നിടത്ത് തന്റെ അഹങ്കാരം അവസാനിപ്പിക്കുകയാണ് രണ്ടാമൂഴത്തിൽ....
അഞ്ചു ഭർത്താക്കൻമാരിൽ ഒരുവനാണ് താനെങ്കിലും തന്നെ കുറച്ച് നേരത്തേക്ക് ഒഴിവാക്കാനായി കാട്ടിലേക്ക് കല്യാണസൗഗന്ധികം കൊണ്ടുവരാൻ അയക്കുന്ന ദ്രൗപതി, അവസാനം ആ പൂക്കൾ ഒന്നു മണപ്പിച്ചു പോലും നോക്കാതെ വഴിയിൽ ഉപേക്ഷിച്ചത് നിർവികാരതയോടെ കാണേണ്ടി വന്ന ഭീമന്റെ നിശബ്ദമായ തേങ്ങൽ കേൾക്കാം രണ്ടാമൂഴത്തിൽ....
ത്രേദാ യുഗത്തിൽ ജീവിച്ചിരുന്ന ഹനുമാനെ വഴിയിൽ വെച്ച് താൻ കണ്ടെന്ന കൊട്ടാരത്തിലെ സ്ത്രീകൾ ഉണ്ടാക്കിയ വീരകഥ കേട്ടു ചിരിക്കാൻ തോന്നിയ ഭീമനെ കാണാം രണ്ടാമൂഴത്തിൽ...
കേവലം ചെറിയൊരു നാട്ടുപ്രദേശത്തെ രാജാവായ, പിന്നോക്ക ജാതിക്കാരനായ കൂർമ്മ ബുദ്ധിയിൽ ആരെയും വീഴ്ത്തുന്ന കൃഷ്ണൻ എന്ന സാധാരണ മനുഷ്യനെ കാണാം രണ്ടാമൂഴത്തിൽ...
തീർച്ചയായും വളരെ പ്രതീക്ഷയാണ്
ദൂരദർശനിലെ മഹാഭാരതം സീരിയലിലെ പോലെ അമാനുഷികത നിറഞ്ഞ കഥാപാത്രങ്ങളുടെ കൂട്ടില്ലാതെ മോഹൻലാലിനെ സാധാരണ മനുഷ്യനായ ഭീമനായി ബിഗ് സ്ക്രീനിൽ കാണാൻ....
കാത്തിരിക്കുന്നു.....

1 comment:

സുധി അറയ്ക്കൽ said...

കാത്തിരിക്കാം.