Saturday, December 24, 2016

കോഴികളുടെ മനശാസ്ത്രം..

കോഴികളുടെ മനശാസ്ത്രം...
ആരാണ് കോഴി?.. എന്തുകൊണ്ടവർ അങ്ങനെ വിളിക്കപ്പെടുന്നു?
സാധാരണ ആയി സ്ത്രീ തത്പരരായ പുരുഷന്മാരെയാണ് കോഴികൾ എന്നു വിളിക്കുന്നത് എങ്കിലും ഒരു പാട് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാക്കാണ് കോഴി... വശീകരണ വിദഗ്ധരായ പുരുഷന്മാരും ചിലപ്പോഴൊക്കെ ഈ പ്രയോഗത്തിന് ഇരയാകേണ്ടി വരാറുണ്ട്..
കുറച്ച് കൂടി വിശദമായി പറഞ്ഞാൽ സ്വന്തമായി നിലപാടില്ലാതെ പെണ്ണിനെ കണ്ടാൽ അപ്പുറവും ഇപ്പുറവും ചാടുന്ന, വികലമായി സ്ത്രീകളെ വശീകരിക്കാൻ ശ്രമിക്കുന്ന പുരുഷ ന്മാരെ ആണ് കോഴികൾ എന്ന് വിളിക്കേണ്ടത് എന്ന് സാരം..
വശീകരണ വിദഗ്ദനും കോഴിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം... പതിനാലാം നൂറ്റാണ്ടിൽ തന്നെ പ്രണയത്തിന്റെ ,വശീകരണത്തിന്റെ തത്വശാസ്ത്രം എഴുതുകയും സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തിമാക്കൂകയും ചെയ്ത കാസനനോവയെയും ചന്തുമേനോന്റെ ഇന്ദുലേഖയിലെ സൂരി നമ്പൂതിരി പാടിനെയും ഒരേ ത്രാസിൽ വിലയിരുത്താൻ ശ്രമിക്കുന്നത് പോലെ വ്യർത്ഥമാണ് ഈ രണ്ടു വിഭാഗവും തമ്മിലുള്ള വ്യത്യാസം കണ്ടു പിടിക്കലും..
കോഴികളുടെ ലക്ഷണങ്ങൾ... :-
1. വഴിയിൽ കൂട്ടിമുട്ടിയാൽ പോലും കമാ എന്നൊരക്ഷരം മിണ്ടാത്തവൻ പോലും മറ്റൊരുത്തന്റെ കൂടെ ഒരു പെണ്ണിനെ കണ്ടാൽ അവസരം ഉണ്ടാക്കി അയാളോട് മിണ്ടാൻ ശ്രമിച്ചാൽ അവൻ കോഴിയാണ് എന്നു മനസിലാക്കാം
2. ഇവർക്ക് ഒരിക്കലും സ്വന്തമായി ഒരു നിലപാടും കാണില്ല... പെണ്ണിന്റെ ശ്രദ്ധ നേടുക എന്ന ചിന്തയിൽ കൂടെ ഉള്ളവരെ പോലും ചതിക്കും... പലപ്പോഴും ഈ പെണ്ണിനെ ഒന്നുമണത്ത് നോക്കാൻ പോലും ഇവർക്ക് ലഭിക്കാറില്ല എന്നതാണ് സത്യം
3. പെണ്ണുങ്ങൾ എവിടെയാണോ കൂടുതൽ ആ വശത്തേക്ക് അവർ മാറും... ഇതിന് വേണ്ടി ഏതു ശത്രുവിനോട് പോലും ഇവർ രമ്യതയിൽ എത്തും..
4. പെണ്ണൊരു തെറ്റ് ചെയ്താൽ നീ ചെയ്തത് തെറ്റാണെന്ന് പറയാനോ, മേലാൽ ഇതാവർത്തിക്കരുത് എന്നു മുഖത്ത് നോക്കി പറയാനോ ഉള്ള ആർജ്ജവം ഇവർക്കുണ്ടാകില്ല...
5. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പൈസ ഇല്ലെങ്കിൽ അവുലോസ് പൊടി തിന്നു വിശപ്പു തീർക്കുന്നവൻ പോലും ഒരു പെണ്ണിനെ കണ്ടാൽ ശരവണഭവനിലെ ഭക്ഷണം ഓഫർ ചെയ്യും...
6. പെണ്ണിനൊരു ശത്രുപക്ഷമുണ്ടായാൽ ഇവർക്ക് ഇടപെടേണ്ട ഒരു കാര്യമില്ലെങ്കിലുംഇവർ പിന്തുണ അറിയിച്ച് ഓടി എത്തും...പ്രശ്നം പരിഹരിക്കപ്പെട്ടു കഴിഞ്ഞാൽ ഇവനെ ഒന്നും ആപെണ്ണ് മൈൻഡ് ചെയ്യില്ല എന്നതാണ് സത്യം
7.ശ്രദ്ധയിലൂടെയും ചെറിയ ചെറിയ ഉപകാരങ്ങളിലൂടെയും ഏത് പെണ്ണിനെയും വശീകരിക്കാം എന്ന തത്വം കണ്ടു പിടിച്ച കാസനോവ പോലും പറഞ്ഞിട്ടുള്ളത് ഏറ്റവും പ്രയാസമുള്ളതും ഏറ്റും എളുപ്പമുള്ളതുമായ സ്ത്രീകളെ വെറുതെ വിടണം എന്നാണ്... പക്ഷേ കോഴികൾ ഇതിന് അപവാദമാണ്... നടക്കില്ല എന്നറിഞ്ഞാലും ആത്മാഭിമാനം പോലും കളഞ്ഞ് ശ്രമിച്ചു കൊണ്ടേ ഇരിക്കും
8. പരമ്പരാഗത സൗന്ദര്യ സങ്കല്പങ്ങൾക്ക് വിഭിന്നമായ ഏതെങ്കിലും പുരുഷനോട് അടുപ്പം പുലർത്തുന്ന സ്ത്രീയെ എളുപ്പം വശീകരിക്കാം എന്ന ചിന്തിച്ച് ചാടി കേറി ശ്രമിച്ച് അവസാനം ഇളിഭ്യരായി ഇവർ മടങ്ങിവരുന്നത് കാണാം...
9. സത്രീകൾക്ക് താത്പര്യമുള്ള വിഷയങ്ങൾ ഏതെന്ന് കണ്ടു പിടിച്ച് ഞാനും അതേ ചിന്താഗതിക്കാരനാണ് എന്ന തോന്നലുണ്ടാക്കാനായി ശ്രമിക്കും..
( ഇത്രയും വായിച്ച നിങ്ങൾക്ക് സ്വാഭവികമായി തോന്നുന്നുണ്ടാകും... "ഇവൻ കോഴി അല്ല എന്നു കാണിക്കാൻ ആണ് കോഴികളെ വിമർശിക്കുന്നത് എന്ന്... അങ്ങനെ തോന്നിയാൽ അത് കോഴികളുടെ പത്താമത്തെ ലക്ഷണമായി കാണുക..)

Saturday, October 22, 2016

കറുത്തവന്റെ പ്രണയ

ഓർമ്മവെച്ച കാലം മുതൽ വെള്ളിത്തിരയിൽ കണ്ട പ്രണയ നായകൻമാർ സവർണ്ണ ശരീരഭാഷയുള്ളവർ ആയിരുന്നത് കൊണ്ടാകാം ശങ്കറും റഹ്മാനും മോഹൻലാലും പിന്നീട് കുഞ്ചാക്കോ ബോബനും അബ്ബാസും മാധവനുമൊക്കെയായിരുന്നു മനസിലെ പ്രണയ നായകന്മാർ... പ്രണയിക്കണമെങ്കിൽ ഇവരുടെയൊക്കെ ശരീരഭാഷ വേണമെന്നും ചിന്തിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു...മുരളി, വിജയകാന്ത് പാർത്ഥിപൻതുടങ്ങിയ നടന്മാരിലൂടെകറുത്തവന്റെ പ്രണയം തമിഴ്സിനിമകളിൽ ഇടക്ക് വന്നു പോകുമായിരുന്നെങ്കിലും മനസിൽ അവരൊന്നും പ്രണയ സങ്കല്പങ്ങളായികടന്നു വരാത്ത തരത്തിൽ സവർണ്ണ പൊതുബോധം സമൂഹത്തിൽ ശക്തമായിരുന്നു.. ഈ അവസരത്തിലുംപതിവ് നായകസങ്കല്പങ്ങളെ നിഷ്പ്രഭമാക്കി കൊണ്ട് രജനികാന്ത് ഒരു ഒറ്റപ്പെട്ട പ്രതിഭാസമായി ബിംബവത്കരിക്കപ്പെട്ടു എന്നത് വേറെ
കാര്യം... സാധാരണ നായകൻ ചെയ്യുന്ന കാര്യങ്ങളൊക്കെ ശ്രീനിവാസൻ തന്റെ സിനിമകളിൽ ചെയ്തിരുന്നുവെങ്കിലും സ്വന്തം രൂപത്തെ ഹാസ്യവത്കരിച്ച് പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു തരം മനശാസ്ത്രപരമായ സമീപനം ആയിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്...
ലോഹിതദാസ് സംവിധാനം ചെയ്ത ഓർമ്മച്ചെപ്പ് എന്ന സിനിമയിൽ കറുത്തവന്റെ പ്രണയമായിരുന്നു കഥ എങ്കിലും ആത്മാഭിമാനമുള്ള ഒരു നായകനു പകരം നിറത്തിന്റെ പേരിൽ അപകർഷത അനുഭവിക്കുന്നനായകനെ ആണ് കാണാൻ കഴിഞ്ഞത്... ഒരു തരത്തിൽ പറഞ്ഞാൽ ഒരു തരം ഇരവാദ പ്രണയം....
ജീവിതത്തിൽ കറുത്തവർ പ്രണയിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും വെള്ളിത്തിരയിൽ അവരുടെ പ്രണയംനിരന്തരം വന്നിരുന്നില്ല... ഇങ്ങനെയൊക്കെസമൂഹത്തിന്റെ മനസിൽപ്രണയസങ്കല്പങ്ങളെ സവർണ്ണവത്കരിക്കുന്നതിൽ സിനിമ വഹിച്ച പങ്ക് ചെറുതല്ല...
വർഷങ്ങൾക്ക് ശേഷം കറുത്തവന്റെ പ്രണയം അല്പമെങ്കിലും കാണാൻ കഴിഞ്ഞത് കലാഭവൻ മണിയിലൂടെ ആയിരുന്നു... അത് കൊണ്ട് തന്നെ വാൽക്കണ്ണാടി എന്ന സിനിമയിൽ മണിയും ഗീതു മോഹൻദാസും തമ്മിലുള്ള പ്രണയം വളരെ സ്വാഭാവികമായാണ് അനുഭവപ്പെട്ടത്.. മണിക്ക് ശേഷം ശക്തനായ ഒരു കറുത്ത നായകൻ ഇപ്പോഴും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.....തൊണ്ണൂറുകളുടെ അവസാനത്തോടെ വിജയ് പ്രണയ നായകനായി ഉണ്ടാക്കിയെടുത്ത സ്വാധീനത്തിന് ശേഷം വന്ന കറുത്ത നായകൻമാരായ വിശാൽ, രാഘവ ലോറൻസ്, വിജയ് വസന്ത്എന്നിവരുടെ പ്രണയവും മാസ്സും നിറഞ്ഞ സിനിമകൾ നൽകുന്ന ത്രില്ല് ചെറുതല്ല... (തമിഴിൽരണ്ടായിരത്തിന്റെ പകുതിക്ക് ശേഷം വന്ന ചില ഗ്രാമീണ റിയലിസ്റ്റിക്ക് ചിത്രങ്ങൾ തീർച്ച ആയും നല്ലൊരു മാറ്റമായിരുന്നു)
വ്യക്തിപരമായി പറയുകയാണെങ്കിൽ, പതിനഞ്ച് വർഷം മുൻപ് മാധവന്റെ പ്രണയഗാനരംഗമായ വസീഗരാ എന്ന ഗാനരംഗം ഞാൻ കണ്ടിട്ടുള്ളത് നൂറു പ്രാവശ്യം ആണെകിൽ ഇന്ന് ലോറൻസിന്റെ വായ... എൻ വീരാ ; (കാഞ്ചന 2) എന്ന പ്രണയഗാനം ഞാൻ കണ്ടിട്ടുള്ളത് ആയിരം പ്രാവശ്യം ആണ്... കറുത്തവന്റെ പ്രണയവും, വിജയവും,അറുമാതിക്കലുമെല്ലാം തിരശ്ശീലയിൽ നിന്ന് സിരകളിലേക്ക് ഒരു ഊർജ്ജമായി അനുഭവിക്കുകയാണ് ഇപ്പോൾ...
അപ്പോഴും ഹിന്ദി സിനിമയിൽ ഒരു കറുത്ത നായകനോ, നായികയോ ഇതുവരെയും ഉണ്ടായിട്ടില്ല എന്നതും, തെന്നിന്ത്യയിൽ കറുത്ത നായകൻ ഒരു കറുത്ത നായികയുമൊത്തു ഇതുവരെയുംഅഭിനയിച്ചിട്ടില്ല എന്നതും പരിഗണിച്ചു കൊണ്ട് തന്നെ പറയുന്നു ഇനിതിരശ്ശീലയിലെ കഥാപാത്രങ്ങൾ ഞങ്ങളെ പ്രചോദിതർ ആക്കിയില്ല എങ്കിലും ഞങ്ങൾ കറുത്തവർ ജീവിതത്തിൽ അറുമാതിച്ച് തന്നെ പ്രണയിച്ചു കൊണ്ടിരിക്കും ...

Tuesday, August 30, 2016

സൗഹൃദങ്ങൾ

എപ്പോഴും "ഞാൻ, എന്റെ " എന്ന തലത്തിൽ നിന്ന് എഴുതുമ്പോൾ വായിക്കുന്നവർക്ക് ഉണ്ടാക്കുന്ന അരോചക ചിന്തകളെ കുറിച്ച് ഓർത്താണ് ഇതു എഴുതാൻ അല്പം താമസിച്ചത്... ഈ എഴുത്തിലൂടെ ഞാൻ സ്വയം ബ്രാൻഡ് ചെയ്യുകയാണെന്നാരെങ്കിലും ചിന്തിച്ചാലും ഞാനതിന് ഉത്തരവാദി അല്ല....
അസ്വസ്ഥതകൾ പലരും പ്രകടിപ്പിക്കുന്നത് പലതരത്തിലാണ്...
ചിലർ നിശബ്ദതയിലൂടെ, ചിലർ ഉപദേശങ്ങളിലൂടെ, മറ്റു ചിലർ ഭാര്യയെയും മകളെയും കുറിച്ചുള്ള ഓർമ്മ പെടുത്തലിലൂടെ... അതേ പറഞ്ഞു വരുന്നത് എന്റെ സൗഹൃദങ്ങളെ കുറിച്ച് തന്നെയാണ്...
സൗഹൃദങ്ങൾക്ക് പരിധിയും പരിമിതിയും ഉണ്ടായിരുന്ന ഒരു ഭൂതകാലം മനസിലേൽപിച്ച ചില ഓർമ്മപ്പെടുത്തലുകളിൽ തന്നെയാണ് ഞാനും ജീവിച്ചിരുന്നത്... എന്നു വെച്ച് അത്യാവശ്യം സുഹൃത്തുക്കൾ ഉണ്ടായിരുന്നു താനും...
കുടുംബത്തിന്റെ നെടുംതൂൺ ആയിരുന്ന ഒരാളുടെ പെട്ടെന്നുള്ള വേർപാട് മനസിലേൽപിച്ച ഒറ്റപെടൽ അതിജീവിക്കാൻ എന്റെ മുൻപിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു... സൗഹൃദങ്ങൾ വിപുലമാക്കുക...വിഷാദ രോഗത്തിന്റെ പടിവാതിൽ വരെ ചെന്നിട്ട് എനിക്ക് തിരിച്ചു വരാൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ അതിന് കാരണം എനിക്ക് ലഭിച്ച സൗഹൃദങ്ങൾ തന്നെയാണ്...
പക്ഷേ പലരും പരസ്യമായും അല്ലാതെയും അസ്വസ്ഥരാകുന്നത് എന്റെ സ്ത്രീ സൗഹൃദങ്ങളെ കുറിച്ചാണ്... ഈ സുഹൃത്തുക്കൾ എന്നും ഉണ്ടാകില്ല എന്നാണ്‌ ചിലരുടെ മുന്നറിയിപ്പ്...തീർച്ചയായും ആ ബോദ്ധ്യം എനിക്ക് ഉണ്ട്... പക്ഷേ എന്റെ ചോദ്യമിതാണ്: "ഏത് ബന്ധത്തിനാണ് 100 % ഗ്യാരന്റി ഉള്ളത്? മാതാപിതാക്കൾ - മക്കൾ, ഭാര്യ - ഭർത്താവ്, കാമുകൻ - കാമുകി, സഹോദരർ - സഹോദരി, ഗുരു-ശിഷ്യർ - ഈ ബന്ധങ്ങൾക്കും എന്ത് ഉറപ്പാണുള്ളത്? ഏത് നിമിഷവും തകരാവുന്ന ബന്ധങ്ങൾ തന്നെയാണ് ഇതൊക്കെ...
മറ്റു ചിലർക്ക് ഞാൻ വിവാഹിതൻ ആണ് എന്നതിലാണ് ഉത്കണ്o... ബ്രാഹ്മണിക്കൽ പൊതുബോധം അടിച്ചേൽപ്പിച്ച കുടുംബ മഹിമ, തറവാട്, തറവാട്ട് മഹിമ എന്നിവ പോലെയുള്ള പൊള്ളയായ വാക്കുകളോട് ഒരിക്കലും ആരാധന തോന്നാത്ത വ്യക്തികളോട് താത്വികമായി ഞാൻ ഐക്യപെടുമെങ്കിലും, ഞാനിപ്പോഴും ജീവിക്കുന്നത് കുടുംബം എന്ന ചട്ടക്കൂടിനുള്ളിൽ തന്നെയാണ്... പക്ഷേ എത്ര ചോദ്യം ചെയ്താലും അതെന്റെ സ്വകാര്യത തന്നെയാണ്... അവിടെ നിന്ന് എനിക്ക് ലഭിക്കുന്ന പിന്തുണയോ പിന്തുണ ഇല്ലായ്മയോ എന്നെ മാത്രം ബാധിക്കുന്ന കാര്യമാണ്...ഒരു പക്ഷേ ഞാനതിനെ കുറിച്ച് സംസാരിച്ചാൽ മാത്രം നിങ്ങളുടെ താത്പര്യം പോലെ പ്രതികരിക്കാമെന്നു മാത്രം...
എത്രയൊക്കെ ശ്രദ്ധയോടെ ജീവിച്ചാലും നമ്മളെ ഇഷ്ട്ടപ്പെടുന്ന വ്യക്തികളെ പോലെ തന്നെ ഇഷ്ട്ടപെടാത്ത വ്യക്തികളും ഉണ്ടാകുക എന്നത് സാധാരണമാണ്... ഏതൊരു മതഗ്രന്ഥത്തെക്കാളും മഹത്തരം
എന്നു ഞാൻ വിശ്വസിക്കുന്നത് എന്റെ മനസാക്ഷിയിലും ധാർമ്മികതയിലുമാണ്.. അത് കൊണ്ട് കൂടി മറ്റുള്ളവരുടെ കണ്ണിലൂടെ നോക്കിയാലും എനിക്കെന്റാതായ കുറ്റങ്ങളും കുറവുകളും ഉണ്ടായിട്ടുണ്ട് എന്നതൊരു യാഥാർത്ഥ്യം ആണ്...
അടുത്ത കാലത്ത് ഒരു ന്യൂ ജെൻ സുഹൃത്ത് എന്നോട് ചോദിച്ചു "ഈ വയറും കളറും ഒക്കെ വെച്ച് ചേട്ടനെങ്ങനെയാണ് ഈ പെണ്ണുങ്ങളെ ഒതുക്കുന്നത്? എന്ന്.... അവന്റെ സംശയം സ്വഭാവികമാണ്... ഭൗതിക പ്രത്യേകതകൾ അടിസ്ഥാനമാക്കി മാത്രം വരുന്ന സൗഹൃദങ്ങളോട് അന്നും എനിക്ക് താത്പര്യം ഇല്ലാ, ഇന്നും ഇല്ലാ... ഇനിയും ഇല്ല....
എന്നെ ഉപദേശിച്ചവർ ആത്മാർത്ഥമായിട്ട് ആണ് അത് ചെയ്തതെങ്കിൽ തീർച്ചയായും ഞാൻ നിങ്ങളുടെ എന്നോടുള്ള കരുതലിനെ മാനിക്കുന്നു... നിങ്ങളുടെ ഉപദേശങ്ങൾ പോലെ നിങ്ങൾ ജീവിക്കുമ്പോഴാണ് ഞാൻ സന്തോഷിക്കുന്നത്... ആഗ്രഹിക്കുന്നത് പോലയോ അതിനുമപ്പുറമോ എല്ലാവർക്കും നല്ല സൗഹൃദങ്ങൾ ഉണ്ടാകട്ടെ എന്നു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.... നമ്മളിങ്ങനെ സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ ഗുണവും ദോഷവും അനുഭവിച്ച് ജീവിച്ചോളാം... എന്ന്
പേര്
ഒപ്പ്

Monday, July 25, 2016

ഗാന്ധിജി സട്ട കിഴിച്ചതുക്കം അംബേദ്ക്കർകോട്ട് പോട്ടതുക്കും ഇടയിലെ നിറയെ വിഷയം ഇരുക്ക് ടാ

ഗാന്ധിജി സട്ട കിഴിച്ചതുക്കം അംബേദ്ക്കർകോട്ട് പോട്ടതുക്കും ഇടയിലെ നിറയെ വിഷയം ഇരുക്ക് ടാ ...ഇത് നീങ്ക നിനച്ച മാതിരി കബാലി ഇല്ലെടാ... ക ബാലി ഡാ... " രജനികാന്തിന്റെ ഏറ്റവും പുതിയ ഈ മാസ് ഡയലോഗിൽ ദളിത് സമുദായാoഗം ആയ സംവിധായകൻ പാ രഞ്ജിത്ത് പറയാതെ പറഞ്ഞുവെച്ച 'അരസിയിൽ' അഥവാ രാഷ്ട്രീയം എന്താണ്?
സാമൂഹിക രാഷ്ട്രീയ നിലപാടുകളിൽ എന്നും രണ്ട് ധ്രുവങ്ങളിൽ ഇരുന്ന വ്യക്തിത്വങ്ങളായിരുന്നു ഗാന്ധിയും അംബേദ്ക്കറും... ഉന്നതകുലജാതനും ജീവിതത്തിന്റെ നല്ലൊരു പങ്കും വളരെ മെച്ചപ്പെട്ട രീതിയിൽ ജീവിച്ചവനും ആയ ഗാന്ധിജിയുടെ പെട്ടെന്നുണ്ടായ മനംമാറ്റത്തിലൂടെ ഉണ്ടായ ലളിത വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം അല്ല നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽ ജനിക്കുകയും വിവേചനങ്ങളോട് പടപൊരുതി സ്വയപ്രയത്നത്തിനാൽ ഉയർന്നു വന്ന അബേദ്ക്കറുടെ പാശ്ചാത്യവും, മാന്യവും Stylish ഉം ആയ വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം... അംബേദ്‌ക്കറിനത് പൊതുസമൂഹത്തിനോടുള്ള അതിജീവനവും പ്രതിക്ഷേധവും കൂടി ആയിരുന്നു... രാഷ്ട്രീയ വൈരി ആയ അംബേദ്ക്കറുടെ മികച്ച വസ്ത്രധാരണത്തിനോടുള്ള ഗാന്ധിജിയുടെ അസഹിഷ്ണുത കൂടി ആയിരുന്നു ഗാന്ധിജിക്ക് തന്റെ ലളിത വസ്ത്രധാരണം എന്ന് അക്കാലത്തും പിൽക്കാലത്തും വിമർശനം ഉണ്ടായിട്ടുണ്ട്.
ധനാഢ്യനും പ്രത്യേകിച്ച് ഉന്നത കുലജാതനും ആയ ഒരു വ്യക്തിയുടെ ലാളിത്യങ്ങൾക്ക് മാത്രമേ പൊതു സമൂഹത്തിൽ സ്വീകാര്യതയും പ്രചാരവും ലഭിക്കുകയുള്ളൂ എന്നത് ഒരു മനശാസ്ത്രമാണ്... സാധാരണക്കാരൻ ആയ രാഷ്ട്രീയ നേതാവ് തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന സംഭവം വാർത്ത അല്ലാതെ ആവുകയും രാഹുൽ ഗാന്ധി തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് മാധ്യമങ്ങൾക്ക് ആഘോഷമാവുകയും ചെയ്യുന്നത് ഈ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്... സ്വർണ്ണക്കടക്കാരന്റെ മകളെ ഒരു തരി സ്വർണ്ണം ധരിപ്പിക്കാതെ വിവാഹം ചെയ്തു കൊടുക്കുന്നത് വാർത്തയാവുന്നതിന്റെ പിന്നിലെ രാഷ്ട്രീയവും മറ്റൊന്നല്ല...
ദളിതന്റെ ദയനീയതക്ക് ലഭിക്കുന്ന പ്രചാരം ഒരിക്കലും അവന്റെ ആഘോഷങ്ങൾക്ക് ലഭിക്കുന്നില്ല... സമൂഹം രണ്ടിനോടും പ്രതികരിക്കുന്നത് രണ്ട് തരത്തിലാണ്... ഇത്തരമൊരു സാഹചര്യത്തിലാണ് രജനിയെ കൊണ്ടു പാ രഞ്ജിത്ത് പറയിച്ച ഈ ഡയലോഗിന് രാഷ്ട്രീയ സാമൂഹിക പ്രസക്തിയേറുന്നത്...

Monday, June 13, 2016

ആദിവാസി -'വനവാസി

കേരളത്തിലെ പ്രധാന വിഭാഗത്തിന്റെ പേരായ ആദിവാസി ' എന്നത് അടുത്ത കാലത്ത് ആരംഭിച്ച ഒരു മാദ്ധ്യമത്തിലെത്തുമ്പോൾ മാത്രം 'വനവാസി' എന്നാകുന്നതിന്റെ മനശാസ്ത്രവും രാഷ്ട്രീയവും എന്താണ്?
ആദിവാസി എന്ന പ്രയോഗം പോലും അരോചകമാകുന്നവർ എങ്ങനെയാണ് അവരുടെ സംരക്ഷണത്തിനു വേണ്ടി സംസാരിക്കുന്നത്? മുളയാടികൾ എന്ന വിഭാഗത്തിനെ ഒരു പ്രമുഖ സംവിധായകൻ bamboo boys എന്ന് ആംഗലേയവത്കരിച്ചത് പോലെ Sheduled tribe എന്ന പേരും ഇനി Stylishആക്കാം...
forest peopleS (വനവാസികൾ)എന്നാക്കാം... Wow what a nice name bro ... ഈ സംഘടിത പരിവാരങ്ങൾക്ക് കുട പിടിക്കാൻ പോയ പ്രമുഖ വ്യക്തികളുടെ വായിൽ നിന്നു കൂടി ഈ പ്രയോഗം കേട്ടാൽ ജീവിതം ധന്യമായേനെ...

നീ മാസ് നാ നാൻ പക്കാ മാസ്)

നമ്മൾ ഏറ്റവും കൂടുതൽ അപമാനിതനാകുന്നത് എപ്പോഴാണ് എന്നറിയാമോ?
നമ്മുടെ സാനിദ്ധ്യത്തിൽ നമ്മുടെ കുറ്റം ഒരാൾ മറ്റൊരാളോട് പറയുമ്പോഴാണ് ...
നമ്മൾ ഏറ്റവും കൂടുതൽ വേദനിക്കുന്നത് എപ്പോഴാണ്?
നമ്മൾ പ്രണയിച്ച വ്യക്തിക്ക് പുതിയ അവകാശി വരുമ്പോൾ ... ആ അവകാശിയെ കുറിച്ച് നമ്മൾ പ്രണയിച്ച വ്യക്തി സംസാരിക്കുമ്പോൾ, പ്രത്യേകിച്ച് അവർ തമ്മിലുള്ള സൗന്ദര്യ പിണക്കത്തെ കുറിച്ച് ...,
നിർണ്ണായക ഘട്ടങ്ങളിൽ കൂടെ നിൽക്കും എന്നു കരുതിയ വ്യക്തി നമ്മളെ തള്ളി പറയുമ്പോൾ...
നമ്മൾ ഏറ്റവും കൂടുതൽ അസ്വസ്ഥരാകുന്നത് എപ്പോഴാണ്?
നമ്മളെ മാനസികമായി ദ്രോഹിച്ചവരുടെ കൂടെ സഹകരിച്ചു ജീവിക്കേണ്ടി വരുമ്പോൾ...
നമുക്ക് ഏറ്റവും കൂടുതൽ സന്തോഷിക്കണം എന്നു തോന്നുന്നത് എപ്പോഴാണ്?
" ഇങ്ങനെയൊക്കെ പെരുമാറിയവർ നമ്മടെ മുന്നിൽ കിടന്ന് നരകിക്കുന്നത് കാണുമ്പോൾ... (അല്ല പിന്നെ, നീ മാസ് നാ നാൻ പക്കാ മാസ്)

Wednesday, June 8, 2016

ദൃശ്യങ്ങൾ

(സദാചാര വാദികൾ ,ഉപദേശികൾ തുടങ്ങിയവർ ഈ Post അവഗണിക്കുക)
കഴിഞ്ഞ കാലത്തെ മായാത്ത അനുഭവങ്ങൾ മനസ്സിൽ ദൃശ്യങ്ങളായി പതിയുന്നത് സാധാരണമാണ് കാരണം ആ ദൃശ്യങ്ങൾക്ക് നമ്മൾ സാക്ഷി ആയിരുന്നിരിക്കും...
പക്ഷേ നമ്മൾ സാക്ഷി അല്ലാതിരുന്ന, മറ്റുള്ളവർ പറഞ്ഞു കേട്ട അനുഭവങ്ങൾ മനസിൽ പതിയുന്നത് വേറിട്ട അനുഭവം ആണ്.പലരോടും ദേഷ്യവും സ്നേഹവും, അടുപ്പവും അകൽച്ചയുമൊക്കെ തോന്നുന്നത് അത്തരം ദൃശ്യങളിൽ നിന്നാണ് ....
പത്ത് നാൽപത് വർഷം മുൻപ്, അമ്മAll Saints കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയം ,കോളേജിലെ തന്നെ സാമ്പത്തികമായി വളരെ മുന്നോക്കം നിൽക്കുന്ന ഒരു പെൺകുട്ടി അവളുടെ birthday ക്ക് അമ്മക്ക് (എന്റെ ) ഒരു ചോക്ളേറ്റ് കൊടുത്തു... അന്ന് ചോക്ക്ളേറ്റ് ഒന്നും സാധാരണമല്ല... ഇതിന്റെ രുചിയോ ഗുണമോ ഒന്നും അറിയാത്ത അമ്മയും മറ്റൊരു കൂട്ടുകാരിയും ആശങ്കയിലായി.ഇത് കഴിക്കണോ, കളയണോ .. അവസാനം അവർ ഒരു തീരുമാനത്തിലെത്തി.അങ്ങനെ ആൾ സെയിൻ സ്കോളേജിന്റെ പരിസരത്ത് അവർ ആ ചോക്ളേറ്റ് കുഴിച്ചിട്ടു.
പിന്നീട് അച്ഛൻ അമ്മയുമായി വഴക്കുണ്ടാകുമ്പോഴെല്ലാം പറയുമായിരുന്നു "എടീ നിന്നെ എനിക്കറിയില്ലേ... പണ്ട് ചോക്ളേറ്റ് കുഴിച്ചിട്ടവൾ അല്ലേ നീ-... നീ എങ്ങനെ പുതിയതിനെ അംഗീകരിക്കും" എന്നൊക്കെ ..
അത് കേൾക്കുമ്പോഴൊക്കെ മനസ്സിൽ അമ്മയും കൂട്ടുകാരിയും മണ്ണിൽ ചോക്ളേറ്റ് കുഴിച്ചിട്ടുന്ന ദൃശ്യം തെളിഞ്ഞു വരും...
കുറേ മാസങ്ങൾ ക്ക് മുൻപാണ്, ഞാൻ ആ സ്ത്രീ യെ പരിചയപ്പെടുന്നത് ... മുഖപുസ്തകത്തിലെ ഒരു സജീവ സാനിദ്ധ്യം'... നിലപാടുകളിലും എഴുത്തിലുമെല്ലാം എന്റെ വിപരീത ദിശയിൽ ഉള്ളവർ... പല പൊതുചർച്ചകളിലും ഞാനവർക്കെതിരെ കത്തി കയറി, പക്ഷേ എന്നെ പ്രകോപിപ്പിക്കുന്ന മറുപടി ഒന്നും അവർ തന്നില്ല'... പക്ഷേ ഒരിക്കൽ അവർ എനിക്ക് മെസേജ് അയച്ചു " എന്താണ് എന്നോട് ഇത്ര ദേഷ്യം? ഞാൻ -------- ആയത് കൊണ്ടല്ലേ?" ( ആര്യൻ സിനിമയിൽ മോഹൻലാൽ സിഐ പോളിനോട് പറഞ്ഞ അതേ ഡയലോഗ്)...ഞാന വരുമായി വാഗ്വാദത്തിലായി എങ്കിലും വെറുത്തു വെറുത്തു മനസ്സിൽ എവിടെയോ ഒരിഷ്ടം തോന്നി തുടങ്ങി
അവരുടെ ഭൂതകാല കഥകളൊക്കെ വേറേ ഒരു പെൺകുട്ടി പറഞ്ഞു അറിയാമായിരുന്നെങ്കിലും ഞാൻ അതൊന്നും ചോദിക്കാൻ പോയില്ല...സൗഹൃദവും പ്രണയവും കടന്ന് ആ ബന്ധം എങ്ങോട്ടോ ക്കയോ പോയി... തെറ്റാണ് എന്നറിയാമായിരുന്നു എങ്കിലും ഓഷോ പറഞ്ഞ പോലെ സ്ത്രീയെ അറിയുക എന്ന ആകാംഷ അത് ഒരു സ്ത്രീയിൽ ഒതുങ്ങുന്നതല്ലല്ലോ...
ഞാനില്ലാതെ ജീവിക്കില്ല എന്നൊക്കെ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് " ഒരു പാട് ബന്ധങൾ ഉള്ള നിങ്ങൾക്ക് ഞാനൊരു variety മാത്രം ആണ് "
ദേഷ്യം വരുമ്പോൾ ഞാൻ കടുത്ത ഭാഷയിൽ തന്നെ പ്രതികരിച്ചിട്ടുണ്ട്... "നീ ഇങ്ങനെ ആയതിൽ ഒരു അത്ഭുതവും ഇല്ല, ബ്രിട്ടീഷുകാർ ഇവിടെ അടിച്ചേൽപ്പിച്ച വിക്ടോറിയൻ സംസ്ക്കാരം എങ്ങനെ നിന്റേതാകും?" എന്നൊക്കെ
പക്ഷേ ഒരിക്കൽ യാദൃശ്ചികമായി അവരുടെ Timeline ൽ ഞാൻ രണ്ട് ചിത്രങൾ കണ്ടു... വർഷങ്ങൾക്ക് മുൻപ് അവർ ഭർത്താവിനോടൊപ്പം സന്തോഷം പങ്കിടുന്ന ചിത്രങൾ... ആ നിമിഷം മനസ് വല്ലാതെ ആയി, ഞാൻ പറഞ്ഞതൊക്കെ കൂടി പോയോ എന്നൊരു തോന്നൽ...ഭർത്താവ് നഷ്ട്ടപ്പെട്ട ഒരു സ്ത്രീയുടെ ആംഗിളിൽ ഞാൻ അത് വരെയും അവരെ കണ്ടിട്ടില്ലായിരുന്നു...
രണ്ട് ദിവസം കഴിഞ്ഞു അമ്മുമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോഴും എന്റെ മനസിൽ ആPhotos ആയിരുന്നു...
film ഫെസ്റ്റിവലിന് ക്യൂവിൽ നിൽക്കുമ്പോൾ എന്റെ സുഹൃത്തിനോട്പറഞ്ഞു "എടീ, ആ photo കണ്ടതോടെ മനസിൽ ഒരുപാട് feel ആയി "
ചില സിനിമകളിൽ കാണാറുള്ളത് പോലെPhoto യിൽ നിന്ന് മൂവി യിലേക്ക് ഒരു transition.. അവരുടെ ഭർത്താവുമായുള്ള നിമിഷങ്ങൾ ദൃശ്യങ്ങളായി മനസിൽ വന്നു... അപ്പോൾ ഞാൻ വീണ്ടും അവരുടെ മുന്നിൽ തോൽക്കുകയായിരുന്നു....
******************************************************************************
കുടുബത്തിൽ ഒരാളുടെ അപ്രതീക്ഷിത വേർപാടിൽ തളർന്നു പോയ സമയത്താണ് ഞാൻ ആനിയെ പരിചയപ്പെടുന്നത് '... ആ സമയത്ത് ആനിയോടുള്ള സൗഹൃദം മനസിന് ഒരു പാട് ആശ്വാസമായിരുന്നു... അവിടെ യും പതിവ് തെറ്റിയില്ല... പ്രണയം... ഞാനത് ആനിയോട് തുറന്നു പറഞ്ഞു ... ഒരു പക്ഷേ ആ സമയത്ത് എന്നെ വേദനിപ്പിക്കണ്ട എന്നു കരുതി ആ യിരിക്കും അവൾ എന്റെ പ്രണയം സ്വീകരിച്ചത് '...
ദിവസേനയുള്ള ആ നിയുടെ ഫോൺകോളുകൾ എന്നെ ജീവിതത്തിലേക്ക് വീണ്ടും കൊണ്ടുവന്നു... ആ നിയുടെ ഐ ലവ് ടു, ത്രീ, ഫോർ എന്ന പ്രയോഗം മാത്രം മതി ആയിരുന്നു മനസിന് ആശ്വാസം തരാൻ ...
ഒരിക്കൽ ഞാൻ ആനിയോട് ചോദിച്ചു ''എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടോ " എന്ന്... അപ്പോൾ അവൾ ആ കഥ പറഞ്ഞു " 94 ലോ 95 ലോ ആണ് ... ഞാൻ പോകുന്ന വഴി യിൽ ഒരു ചെക്കൻ എന്നെ കാത്തു നിൽക്കും... എന്നെ ഇഷ്ട്ടമാണ് എന്ന് പറയും ... ആദ്യമൊന്നും ഞാൻ മൈൻഡ് ചെയ്തില്ല... കുറേ നാൾ കഴിഞ്ഞു ഒരു ദിവസം അവൻ പിന്നെയും ചോദിച്ചു " എന്നെ ഇഷ്ട്ടം ആണോ എന്ന്... ഞാൻ ഇഷ്ട്ടമാണ് എന്നു പറഞ്ഞു ... അവൻ സന്തോഷം മറച്ചു വച്ചില്ല. അവൻ പറഞ്ഞു "എനിക്കിനി ചത്താലും സാരം ഇല്ല"... അവൻ അങ്ങനെ പറഞ്ഞു പോയതാ... അവനും സുഹൃത്തും ബൈക്കിൽ ഒരു കല്യാണത്തിനു പോയതാ... പോകുന്ന വഴിയിൽ ലോറിയുമായി ഇടിച്ചു... പക്ഷേ ഞാൻ അറിഞ്ഞില്ല, വൈകും നേരം അവന്റെ വീടിനു മുന്നിൽ ആൾകൂട്ടം കണ്ടപ്പോ ഴാ ണ് ഞാൻ അറിഞ്ഞത്... ഇപ്പോളും അവനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല... എന്റെ കൺമുന്നിൽ തന്നെ ഉണ്ട്"
ആനിയുടെ കൗമാരകാലവും ഈ സംഭവുമെല്ലാം ദൃശ്യങ്ങളായി എന്റെ മനസിൽ എപ്പോഴും ഉണ്ടായിരുന്നു.. ആ നിയുടെ പ്രണയം നൊമ്പരമായി തന്നെ എന്നെ കുത്തിനോവിക്കുമായിരുന്നു. പക്ഷേ പിന്നെ പിന്നെ ഒരു വർഷത്തിന് ശേഷം ആനി എന്നിൽ നിന്നും അകന്നു, phone വിളി ഇല്ല, online ൽ കണ്ടാൽ മിണ്ടില്ല... ചിലപ്പോൾ പറയും ഞാൻ രാഹുലിനെ ഒഴിവാക്കിയതല്ല എന്റെ അവസ്ഥ അങ്ങനെ ആണ്... ആനിക്ക് അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടായിരിക്കാം... പക്ഷേ...
തീരെ ദേഷ്യം സഹിക്കാതെ വന്നപ്പോൾ ഞാൻ പറഞ്ഞു " നിന്റെ പഴയ കാമുകൻ രക്ഷപ്പെട്ടതാണെടീ... അല്ലെങ്കിൽ നിന്റെ ചതി അവനും അറിഞ്ഞേനെ " എന്ന്...
അവസാനമായി ഇങ്ങനെ ഒന്നുകൂടി പറഞ്ഞു ഞാൻ ആനിയുടെ ദൃശ്യങ്ങൾ മനസിൽ നിന്ന് ഡിലീറ്റ് ചെയ്തു
"നിന്നെ പ്രണയിച്ചിരുന്ന ഇന്നലെകളിൽ ഞാൻ ജീവിച്ചിരുന്നില്ല... മരിച്ചവൻ ആയിരുന്നു "

Wednesday, March 23, 2016

അമ്മായി അമ്മ പോര്

വിവാഹിതരുടെ ഇടയിൽ ഏറ്റവും രൂക്ഷം ആയി വരുന്ന പ്രധാന പ്രശ്നം ആണ് അമ്മായി അമ്മ പോര് ..പുറമേ സന്തോഷം പ്രകടിപ്പിക്കുന്ന പല ദാമ്പത്യങ്ങളെയും ഈ വിഷയം കാര്ന്നു തിന്നുന്നു എന്നതാണ് സത്യം ...പലരും അത് പുറത്തു പറയാറില്ല എന്ന് മാത്രം ..പത്തുമാസം ചുമന്നു പെറ്റ മകന് തന്റെ വർഗത്തിൽ തന്നെ പുതിയൊരു അവകാശി വരുമ്പോൾ സ്വാഭാവികമായും അമ്മക്ക് തോനുന്ന ഒരു മാനസിക അവസ്ഥയില നിന്ന് ആണ് സാധാരണ ഈ പ്രശനം ഉണ്ടാകുന്നത് ...അടുക്കളയിൽ ചമ്മന്തി അരയ്ക്കാനായി ഭാര്യക്ക്‌ ഒരു തേങ്ങ പൊതിചു കൊടുക്കുന്ന കാഴ്ച കണ്ടാൽ മതി പെറ്റ അമ്മയുടെ ചങ്കു പൊടിയും...പിന്നെ നെടുവീര്പ്പുകളും മൂളലും ഒക്കെ ആയി അതങ്ങു കനക്കും...മരുമോളും വിട്ടു കൊടുക്കില്ല ...തരം കിട്ടിയാൽ തിരിച്ചും പണി കൊടുക്കും ...അമ്മായി അമ്മക്ക് സീരിയൽ ആണ് ഇഷ്ട്ടം എങ്കിൽ മരുമോല്ക്ക് അപ്പോൾ തന്നെ കഥ അല്ലിത് ജീവിതം കാണണം ...ഈ അമ്മായി അമ്മ പോര് കണ്ടു കണ്ടു രണ്ടു പാണ്ടി ലോറിയുടെ ഇടയിൽ പെട്ട അവസ്ഥ ആയിരിക്കും ഭർത്താവിനു...
രണ്ടിന്റെയും ഇടയിൽ നിന്ന് രക്ഷപെടാൻ എങ്ങനെ സമദൂര സിദ്ദാന്തം പ്രായോഗികം ആക്കം എന്ന് തല പുകഞ്ഞു ആലോചികുക ആയിരിക്കും അയാള് ..
സ്വന്തം വീട്ടിൽ പോയിട്ട് വരുമ്പോൾ ചാക്ക് നിറയെ മീനും കറി വെച്ച് അച്ചാറും ഉണ്ടാക്കി അമ്മായി അമ്മയുടെ മുന്നിലൂടെ ഒരു വരവുണ്ട് മരുമോള്...അതൊരു ഒന്ന് ഒന്നര വരവാണ് ...രണ്ടു പെണ് മരുമ്മക്കൾ ഉണ്ടെങ്കിൽ ,രണ്ടുപേരോടും ദേഷ്യം ഉണ്ടെങ്കിലും കൂടുതൽ ദേഷ്യം ഉള്ളവളുടെ മുന്നില് വെച്ച് മറ്റേ മരുമോളോട് അമ്മായി അമ്മ ഒരു വല്ലാത്ത സ്നേഹ പ്രകടനങ്ങളും കാണിക്കും ...സ്വാഭാവികമായും അതിൽ തളരുന്ന മരുമോൾ ആ ദേഷ്യം മുഴുവൻ തീര്ക്കുന്നത് ഭർത്താവിനോട് ആയിരിക്കും ...ബൊളീവിയൻ കാടുകളില് വിപ്ലവം നയിച്ച ചെഗുവരെയുടെയും ചൈനയിൽ വിപ്ലവം നയിച്ച മവോയുടെയും യുദ്ധ തന്ത്രങ്ങൾ മുഴുവൻ പഠിച്ചവന്നാണ് എങ്കിലും പോലും ഇത്തരം സന്ദർഭങ്ങൾ എങ്ങനെ ഡീൽ ചെയ്യണം എന്നറിയാതെ തളര്ന്നു പോക തക്ക വിധത്തിൽ സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്ത വിധം വളര്തപ്പെട്ട ഒരു അമുല്ബെബി ഭൂത കാലം ചിലപ്പോൾ ഭാര്താവിനുണ്ടായിരിക്കാം ...പിന്നെ യുദ്ധം മുറുകും ...
ഒരിക്കൽ എന്റെ ഒരു സുഹ്രത് കണ്ണ് നിറഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു "അണ്ണാ...നിങ്ങള്ക്കറിയാമോ ...എന്റെ വീടിന്റെ അടുക്കള പണിയാൻ ആയി ഞാൻ രാപകൽ ഇല്ലാതെ ചോര നീര് ആക്കി ആണ് പണിക്കു പോയത് ...ആ അടുക്കളയിൽ എന്റെ ഭാര്യ വരുമ്പോൾ എന്റെ അമ്മയുടെയും സഹോദരിയുടെയും മുഖം ഒന്ന് കാണണം .ഇതൊക്കെ സഹിക്കാവുന്നതിലും അപ്പുറം ആണ് .."
മകനും മരുമകൾക്കും കുഞ്ഞു ഉണ്ടാകാൻ അല്പ്പം താമസിച്ചാൽ മതി പിന്നെ വേവലാതി മുഴുവൻ അമ്മായി അമ്മക്കയിരിക്കും ...അയൽ വീടുകളില പോയി മരുമോൾകെതിരെ അമ്മായി അമ്മയും അമ്മായി അമ്മക്കെതിരെ മരുമോളും കാമ്പയിൻ നടത്തും (ഈ കാമ്പയിൻനേരെ തിരിച്ചു മരുമോളുടെ വീട്ടില് നിന്നും ഉണ്ടാകും )....ഇനി കുട്ടികൾ ഉണ്ടായാലോ ...പെണ്മക്കളുടെ മക്കളോടുള്ള അടുപ്പം കഴിഞ്ഞേ മകന്റെ മക്കളോട് കാണിക്കു ..അവിടെയും target മരുമോൾ തന്നെ ...ഇനി ഇതിന്റെയൊക്കെ പേരില് അമ്മയോട് ഒരു സന്ധി സംഭാഷണത്തിന് മകൻ ശ്രമിച്ചാലോ ...പറയാനായി നേരത്തെ കരുതി വെച്ച ആ തുറുപ്പു ടയലോഗ് അങ്ങ് കാച്ചും ..."അവനിപ്പോൾ അമ്മ വേണ്ട ...പെണ്ണ് മതി "...
വിവാഹത്തിന് ഒരു വര്ഷത്തിനു ശേഷംവിദേശത്ത് നിന്ന് നാട്ടിൽ മടങ്ങി വന്നിട്ട് ഭർത്താവിന്റെ വീട്ടിലേക്കു പോകും വഴി എന്റെ ടൂ വീലറിന്റെ പുറകിലിരുന്നു പൊട്ടി കരഞ്ഞിട്ടു "എനിക്ക് ആ വീട്ടിൽ പോകണ്ട ചേട്ടാ...ആ തള്ളയുടെ സ്വഭാവം ചേട്ടന് അറിയാഞ്ഞിട്ടാണ് "എന്ന് പറഞ്ഞ എന്റെ ഫേസ് ബുക്ക്‌ സുഹ്ര്തിന്റെയും ......
ഒരിക്കൽ നേരിട്ട് കണ്ടപ്പോൾ ,പണ്ടെപ്പോഴോ അമ്മായി അമ്മ പോരിന്റെ പേരില് സ്വയം മുറിച്ച കൈ ഞരമ്പിന്റെ പാട് എന്റെ മുന്നിലേക്ക്‌ നീട്ടി കാണിച്ചിട്ട് "എന്നെ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട് ചേട്ടാ "എന്ന് പറഞ്ഞ മറ്റൊരു ഫേസ് ബുക്ക്‌ സുഹ്ര്തിന്റെയും മുഖങ്ങൾക്കു മുന്നില് ഞാൻ ഈ കുറിപ്പ് നിറുത്തുന്നു ....എന്തായാലും ഒരു കാര്യം ഉറപ്പാണ് ...ലോകത്തില ഏറ്റവും ഭാഗ്യവതി ആയ ഭാര്യ ആദ്യ വനിത ഹവ്വ ആയിരിക്കും...കാരണം അവര്ക്ക് അമ്മായി അമ്മ ഉണ്ടായിരുന്നില്ലല്ലോ ..

Tuesday, January 5, 2016

അനില ബിനോജ് - ആലംബ ഹീനർക്കു ഭക്ഷണം എത്തിക്കുന്ന വീട്ടമ്മ




ന്യൂ ഇയർ ദിവസ്സം ഉച്ച സമയത്ത് അല്പ്പം തിരക്കിൽ ആയിരിക്കുമ്പോഴാണ് ഫേസ് ബുക്ക്‌ സുഹ്രത് അനില ബിനോജ് വിളികുന്നത് ...(അനില തിരുവനന്തപുരത്ത് തെരുവിലെ ആലംബ ഹീനർക്കു മുടങ്ങാതെ ഭക്ഷണം എത്തിക്കുന്ന വീട്ടമ്മ ആണ് .ഒപ്പം ഒന്നാംതരം പാചക വിദഗ്തയും ..)
അനില പറഞ്ഞു "ഞാൻ സ്ഥിരമായി ഭക്ഷണം കൊടുക്കുന്ന ഒരാള് തീരെ അവശൻ ആണ് ...അയാളെ ഒന്ന് ആശുപത്രിയിൽ എത്തിക്കണം ...രാഹുൽ ഒന്ന് കൂടെ വരാമോ?"
അല്പ്പം തിരക്കാണ് എന്ന് പറഞ്ഞെങ്കിലും ഉടനെ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു ..പ്രശസ്ത സാമൂഹ്യ പ്രവർത്തകർ ആയ തെരുവോരം മുരുകനോടും ധന്യ രാമനോടും സോണിയ മല്ഹാരിനോടും ഹൃദയ ബന്ധം ഉള്ള ഞാൻ ,അവരുടെ സുഹ്ര്തായി മാറി നിന്ന് അവര്ക്ക് പിന്തുണയും നിര്ദേശങ്ങളും കൊടുക്കാറുണ്ട് എന്നല്ലാതെ ഇന്നേ വരെ ഞാൻ അവരുടെ സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളി ആയിട്ടില്ല.. അവരോടൊപ്പം ഉള്ള ഫോട്ടോസ് കണ്ടിട്ടാകണം അനിലയ്ക്ക് എന്നെ വിളിക്കാൻ തോനിയത് എന്ന് മനസിലായി...ഞാൻ എന്റെ സുഹ്രത് ഡൊമനിക് ചേട്ടനോട് കാര്യം പറഞ്ഞു ..അപ്പോൾ തന്നെ അദ്ദേഹം തന്റെ നാനോ കാര് സ്റ്റാർട്ട്‌ ചെയ്തു ...ഞങ്ങൾ 5 മിനിട്ടിനുള്ളിൽ അനിലയുടെ അടുത്ത് എത്തി ...അനിലയുടെ കൂടെ അനിലയുടെ കുഞ്ഞു കുട്ടികൾ മാത്രമേ ഉള്ളൂ ...അവരെയും പിക് ചെയ്തു നേരെ പാളയം ഫ്ലൈ ഓവറിനു അടുത്തേക്ക് എത്തി ..അപ്പോഴാണ്‌ അയാളെ കണ്ടത് ...തീരെ അവശൻ ആണ്..അനില കൊടുത്ത ഭക്ഷണം പോലും അയാൾക്ക്‌ കഴിക്കാൻ കഴിയുന്നില്ല ...പേര് മുരുകൻ,നാട് കോട്ടയം ,വയസ്സ് 51...ഒരു ഓട്ടോ പിടിച്ചു അയാളെ കൊണ്ട് പോകാം എന്ന് അനില പറഞ്ഞു ...കൈ കാണിച്ച ഓടോക്കരെല്ലാം ഇയാളെ കണ്ടതോടെ നിരുതത്തെ പോയി .."വേറെ വണ്ടി വേണ്ട നമുക്ക് കാറിൽ തന്നെ പോകാം"എന്ന് ഞാൻ പറഞ്ഞു ..അങ്ങനെ ഞങ്ങൾ അയാളെയും കൊണ്ട് നേരെ ജനറൽ ആശുപത്രിയിലേക്ക് പോയി...അയാളെ അത്യ്ഹിത വിഭാഗത്തിൽ കാണിച്ചു ...സാമൂഹ്യ പ്രവര്ത്തക ആണെന്ന് അനില പറഞ്ഞത് കൊണ്ടുംഅനിലയുടെ ആത്മര്തമായ പെരുമാറ്റം കൊണ്ടും ആശുപത്രിക്കാർ ഞങ്ങളോട് പൂര്ണമായും സഹകരിച്ചു ...ഒന്പതാം വര്ടിലേക്ക് അയാളെ അഡ്മിറ്റ്‌ ആക്കാൻ ഉള്ള സൌകര്യങ്ങൾ ചെയ്തു തന്നു ...ഒന്പതാം വാര്ടിലേക്ക് അയാളെയും കൊണ്ട് പോകാൻ ഞങ്ങള്ക്ക് ആംബുലൻസ് ഉം വിട്ടു തന്നു ...ഞങ്ങൾ അയാളെ ഒന്പതാം വാർഡിൽ ഡോക്ടർ മാരെ ഏല്പ്പിച്ചു ...അയാളുടെ എല്ലാ ഉത്തരവാദി തങ്ങളും അനില തന്നെ ആണ് ഏറ്റതും,,,
അനിലയുടെ സഹജീവികളോടുള്ള കരുതലും സ്നേഹവും എന്റെയും ഡൊമനിക് ചേട്ടന്റെയും മനസ്സ് നിറച്ചു ...പിരിയാൻ നേരം അനില പറഞ്ഞു "ഒരു പാട് നന്ദി ഉണ്ട് ...വിളിച്ച ഉടനെ വരാൻ തോന്നിയല്ലോ .." ...ഞാൻ പറഞ്ഞു "അനിലയ്ക്ക് വിളിക്കാൻ തോന്നിയല്ലോ ..അതാണ്‌ വലിയ കാര്യം "...
കുടുംബ ബട്ജെടിൽ നിന്ന് മിച്ചം പിടിക്കുന്ന തുക കൊണ്ടാണ് അനിലയും മക്കളും തെരുവിൽ ഭക്ഷണം കൊടുക്കുന്നത് ...അനില തന്നെ ആണ് പാചകം ചെയുന്നത് ...എന്തായാലുംഒരുപാട് സന്തോഷം ഉണ്ട്... പുതു വര്ഷ ദിനത്തിൽ അനിലയുടെ നന്മയുടെ വഴിത്താരയിൽ എന്നെയും കൂടെ കൂട്ടിയതിനു ...